മഴക്കാഴ്ചകള്‍ ആസ്വദിക്കാന്‍ ആലപ്പുഴയില്‍ നിന്ന് കൊല്ലത്തേക്ക് ബോട്ട് യാത്ര; മണിക്കൂറിന് 400 രൂപ

ആറ്റുനോറ്റ് അങ്ങനെ മഴയെത്തി. കുളിരേകുന്ന മഴക്കാഴ്ചകള്‍ ആസ്വദിക്കാനുള്ള നേരമാണ് ഇനിയുള്ളത്. വിനോദസഞ്ചാരികള്‍ക്ക് ബോട്ട് യാത്രയിലൂടെ മഴ ആസ്വദിക്കാന്‍ അവസരം ഒരുക്കി ജലഗതാഗത വകുപ്പ്.
വേമ്പനാട്, അഷ്ടമുടി, കായകുളം കായലുകള്‍ വഴി ആലപ്പുഴ മുതല്‍ കൊല്ലം വരെ ഈ മഴക്കാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ടൂറിസ്റ്റ് ബോട്ട് സര്‍വീസ് നടത്തുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍ അറിയിച്ചു. ആലപ്പുഴയ്ക്കും കൊല്ലത്തിനും ഇടയിലുള്ള ചരിത്രപ്രധാനമായ സ്ഥലങ്ങളും കായല്‍ക്കാഴ്ചകളും കാണാന്‍ യാത്രയില്‍ അവസരം ഉണ്ടാകും. മണിക്കൂറിന് 400 രൂപയാണ് ചാര്‍ജ്.

പദ്ധതി വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഈ മഴക്കാലത്ത് തന്നെ ബോട്ട് സര്‍വീസ് നടത്താനാണ് വകുപ്പ് ഒരുങ്ങുന്നത്.


വൈക്കം - എറണാകുളം, ആലപ്പുഴ - കുമരകം - കോട്ടയം റൂട്ടുകളില്‍ രണ്ട് സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. ആഡംബര എ.സി. ബോട്ടുകളും സാധാരണ ബോട്ടുകളുമാണ് സര്‍വീസ് നടത്തുക. പ്രകൃതിസൗഹൃദവും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഡബിള്‍ ഡെക്കര്‍ ബോട്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കെട്ടുമരത്തിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.

വൈ ഫൈ, മൊബൈല്‍ ചാര്‍ജിങ്, ടെലിവിഷന്‍ എന്നീ സൗകര്യങ്ങളും ബോട്ടിലുണ്ടായിരിക്കും. 

Comments